ഈരാറ്റുപേട്ട: നിയന്ത്രണംവിട്ട കാർ തോട്ടിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. തിടനാട് കിഴക്കേൽ സിറിലാണ് (35) മരിച്ചത്. വെട്ടിക്കുളം ചേന്നാട് റോഡിലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 10നും 12നും ഇടയിലാണ് അപകടമെന്നാണ് നിഗമനം. സ്വകാര്യ ലാറ്റക്സ് കമ്പനിയിലെ ഡ്രൈവറായ സിറിലിനെ പത്തുമണിയോടെ ടൗണിൽ കണ്ടവരുണ്ട്. ടൗണിൽനിന്ന് മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണംവിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ആൾത്താമസമില്ലാത്ത പ്രദേശമായതിനാൽ അപകടവിവരം ആരും അറിഞ്ഞില്ല. ഭാര്യയും മക്കളും ഓണം അവധിക്ക് ഭാര്യവീട്ടിലായിരുന്നതിനാൽ രാത്രി അന്വേഷിച്ചതുമില്ല. രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരനാണ് കാർ തോട്ടിൽ കിടക്കുന്നതുകണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് അയൽവാസികളെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിനെ കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തിടനാട് പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: എൽസി. ഭാര്യ: ട്രീസ. മക്കൾ: ലിയാന (ഒമ്പതാംക്ലാസ് വിദ്യാർഥിനി) ലവീന (ഏഴാംക്ലാസ് വിദ്യാർഥിനി).