കോട്ടക്കൽ: ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ഒതുക്കുങ്ങൽ പൂളക്കുണ്ടൻ അവറു മാസ്റ്റർ (78) നിര്യാതനായി. പറപ്പൂർ ഐ.യു ഹൈസ്കൂൾ പ്രഥമ പ്രധാനാധ്യാപകനായിരുന്നു. ഫാറൂഖ് എജുക്കേഷൻ ട്രസ്റ്റ് സ്ഥാപകൻ, ദീർഘകാലം പ്രസിഡന്റ്, അക്കാദമിക് കോഓഡിനേറ്റർ, ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രധാനാധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാനുമായിരുന്നു. 1990ൽ സംസ്ഥാന അധ്യാപക അവാർഡിനും 1999ൽ ദേശീയ അധ്യാപക അവാർഡിനും അർഹനായി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സെക്രട്ടറി, വളാഞ്ചേരി മർകസുത്തർബിയത്തിൽ ഇസ്ലാമിയ എക്സിക്യൂട്ടിവ്, അക്കാദമിക് കൗൺസിൽ അംഗം, കെ.പി.എസ്.എച്ച്.എ മുൻ ജില്ല പ്രസിഡന്റ്, സിജി ജില്ല പ്രസിഡന്റ് തുടങ്ങി നിരവധി വിദ്യാഭ്യാസ സംരംഭങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു. പറപ്പൂർ ഐ.യു ഹൈസ്കൂളിന് ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള ട്രോഫി ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സമ്മാനിച്ചത് അവറു മാസ്റ്ററുടെ നേതൃമികവിനുള്ള അംഗീകാരമാണ്. ഭാര്യ: പരേതയായ ബീക്കുട്ടി. മക്കൾ: ഡോ. മുഹമ്മദ് ശരീഫ്, ഡോ. മുഹമ്മദ് റിയാസ്, പരേതനായ അസ്ഹർ. മരുമക്കൾ: ആഷിഫ, സാറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് ഒതുക്കുങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.