പെരുമ്പാവൂര്‍: വിനോദയാത്രക്കിടെ കുട്ടമ്പുഴയാറ്റില് ഒഴുക്കില്‍പെട്ട് കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. മട്ടാഞ്ചേരി നസ്റത്ത് കുറുപ്പശ്ശേരി വീട്ടിൽ നെല്സന് വൈശാഖിന്റെ (34) മൃതദേഹമാണ് കാണാതായി പത്ത് ദിവസത്തിനുശേഷം പെരിയാറില്‍ കാലടി കൊറ്റമം ഈറ്റക്കടവില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. ‘എന്റെ കൊച്ചി’ എന്ന ചാരിറ്റി സംഘടനയിലെ പ്രവര്‍ത്തകരായിരുന്ന സംഘം ആഗസ്റ്റ് 28നാണ് കുട്ടമ്പുഴയില്‍ എത്തിയത്. പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ പീറ്റര്‍ എന്നയാള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താനായി കൂടെയുണ്ടായിരുന്ന വൈശാഖും ഷിജുവും ശ്രമിക്കുന്നതിനിടെ ഇവരും ഒഴുക്കില്‍പെടുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസി ഷിജുവിനെ രക്ഷപ്പെടുത്തി. എന്നാല്‍, കാണാതായ പീറ്ററിനെയും (55), വൈശാഖിനെയും രക്ഷപ്പെടുത്താനായില്ല. ഈമാസം ഒന്നിന് പീറ്ററിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രിയയാണ് വൈശാഖിന്റെ ഭാര്യ. മക്കള്‍: ഡോണല്‍, ഡിയോണ്‍.