കോതമംഗലം: ബൈക്ക് മറിഞ്ഞ് കനാലിൽ വീണ് പിണ്ടിമന പഞ്ചായത്ത് ക്ലർക്ക് മരിച്ചു. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് നെല്ലിവിളവീട്ടില്‍ പരേതനായ പി.കെ. അരവിന്ദാക്ഷന്റെ (എസ്.ഐ.ഓഫ് പോലീസ്) മകൻ പി. സന്ദീപ് മോൻ (28) ആണ് മരിച്ചത്. മുത്തംകുഴി അടിയോടിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം.രണ്ട് ബൈക്കുകളിലായി സുഹൃത്തിനോടൊന്നിച്ച് അടിയോടിയിൽ താമസസ്ഥലത്തേക്ക് കനാൽ ബണ്ട് റോഡിലൂടെ പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സന്ദീപ് തെറിച്ച് പെരിയാർവാലി മെയിൻ കനാലിൽ വീണു. കനാലിൽ 12 അടി വെള്ളമുണ്ടായിരുന്നു. സുഹൃത്ത് താമസ സ്ഥലത്ത് എത്തിയിട്ടും സന്ദീപ് വരാത്തതിനെ തുടർന്ന് തിരിച്ചുവന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടതായി കാണുന്നത്. കോതമംഗലത്തുനിന്നും അഗ്നിരക്ഷാസേന അംഗങ്ങൾ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. എൻ.ജി.ഒ യൂനിയൻ കോതമംഗലം ഏരിയ വൈസ് പ്രസിഡന്റാണ്. മാതാവ്: സൂസി സ്റ്റാന്‍ലി. സഹോദരന്: സനൂപ് അരവിന്ദാക്ഷന്.