സുഹാർ: ആലപ്പുഴ ഹരിപ്പാട് സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശ്ശാല ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാറിനെയാണ് (51) മരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലത്തിന്റെ അടുത്തുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്ത് കാറിൽ മരിച്ചനിലയിൽ കാണപ്പെടുന്നത്. സ്വന്തമായി ഷിപ്പിങ് ക്ലിയറൻസും മറ്റ് അനുബന്ധ ജോലികളും ചെയ്തുവരുകയായിരുന്നു. മുമ്പ് ക്ലാരിയോൻ കമ്പനിയിലായിരുന്നു. 26 വർഷമായി ഒമാനിലുള്ള ഇദ്ദേഹം വലിയ സൗഹൃദവലയത്തിനുടമയാണ്. പിതാവ്: കേശവൻ നായർ. മാതാവ്: സരസ്വതിയമ്മ. ഭാര്യ: സംഗീത. രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.