കോട്ടയം: രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സഹോദരി ഭർത്താവിനെ സന്ദർശിച്ചശേഷം മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ സഹോദരി ഭർത്താവും മരിച്ചു. തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ. ചെല്ലയ്യൻ നാടാർ (69), കോട്ടയം എസ്.എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ സ്റ്റാൻലി മോഹനൻ(55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
അണുബാധയെതുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ല സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമായ ചെല്ലയ്യൻ നാടാർ. ഇദ്ദേഹത്തെ കാണാനായി ബുധനാഴ്ച വൈകീട്ട് ആശുപത്രിയിലെത്തിയ മോഹനന് മടങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സുഹൃത്ത് ഇദ്ദേഹത്തെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരണപ്പെട്ടു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ എട്ടോടെ ചെല്ലയ്യൻ നാടാരും മരിച്ചു.
സ്റ്റാൻലിയുടെ ഭാര്യ ബേബിയുടെ സഹോദരനാണ് ചെല്ലയ്യൻ നാടാർ. ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു. ചെല്ലയ്യൻ നാടാരുടെ ഭാര്യ: ദേവി. മക്കൾ: ബിജു, ബിനു, ബിബിൻ. സ്റ്റാൻലിയുടെ ഭാര്യ: മിനി. മക്കൾ: അഞ്ജു, മഞ്ജു, ചിഞ്ചു.