അടിമാലി: ഹൈറേഞ്ചിന്റെ കാലാവസ്ഥയെ പ്രണയിച്ച് വാർധക്യകാലം അടിമാലിയിൽ ജീവിച്ച ഇലക്ട്രോൺ ഓർമയായി. 20 വർഷമായി അടിമാലി കാംകോ ജങ്ഷനിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ച പാലക്കാട് സ്വദേശി കിഴക്കേക്കരയിൽ ഇലക്ട്രോൺ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
ടെലികോം വകുപ്പിൽ സീനിയർ എൻജിനീയറായിരിക്കെ ചെന്നൈയിൽ വെച്ച് 2000ൽ വിരമിച്ച ഇദ്ദേഹം ശിഷ്ടകാലം പ്രകൃതി മനോഹര അന്തരീക്ഷത്തിൽ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി കേരളത്തിന്റെ പല ഭാഗങ്ങളും ഭാര്യക്കൊപ്പം സന്ദർശിച്ചു. 2002 മാർച്ചിൽ യാത്രയുടെ ഭാഗമായി മൂന്നാറിൽ എത്തി. മൂന്നാറിൽ തണുപ്പ് കൂടുതലായതിനാൽ ഒരു രാത്രി അടിമാലിയിൽ തങ്ങി. അങ്ങനെയാണ് തണുപ്പും, ചൂടും കലർന്ന അടിമാലിയുടെ കാലാവസ്ഥ ഇലക്ട്രോണിനെ ആകർഷിച്ചത്. വൈകാതെ കുടുംബമായി അടിമാലിയിൽ എത്തി കാംകോ ജങ്ഷനിൽ താമസം തുടങ്ങി. വർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. യുക്തിവാദി സംഘം മുൻ ഇടുക്കി ജില്ല പ്രസിഡൻറാണ്. പേരു കൊണ്ട് ആരും മതം തിരിച്ചറിയാതിരിക്കാനാണ് ഇലക്ട്രോൺ എന്ന പേര് സ്വകരിച്ചത്. കൂടുതൽ സമയവും വായനക്കാണ് ചെലവഴിച്ചത്. മൃതദേഹം വൈദ്യ പഠനത്തിന് നൽകണമെന്ന് ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: സരസ്വതി. മക്കൾ: വീണ, റീന.