കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ തൂങ്ങിമരിച്ച നിലയിൽ. വയനാട് പുൽപ്പള്ളി താഴെയങ്ങാടി സ്വദേശി പനയഞ്ചേരി രാജനെയാണ് (71) വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നോട് ഡീലക്സ് പേ വാർഡിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭക്ഷണം കൊടുത്ത് മകൾ മരുന്ന് വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് പിതാവ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. സംഭവം കണ്ട് കുഴഞ്ഞ് വീണ മകളെ മറ്റു രോഗികളുടെ കൂട്ടിരിപ്പ് കാരും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
ഇവരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രി സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പ്രസന്ന. മക്കൾ: പൂജ, ന്യൂമ, മരുമക്കൾ: നോബിൾ, വില്യം.