ചെങ്ങന്നൂർ: അടച്ചുറപ്പുള്ള സ്വന്തമായ വീട്ടിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന സ്വപ്നം യാഥാർഥ്യമായി 98 ദിവസം പിന്നിട്ടപ്പോൾ നവാസ് യാത്രയായി. മാന്നാർ ടൗൺ അഞ്ചാം വാർഡിലെ കുരട്ടിശ്ശേരി കോവുമ്പുറത്ത് വഴിയമ്പലത്തിന്റെ തെക്കേതിൽ വീട്ടിൽ ഇസ്മായിൽ കുഞ്ഞ്-നുബൈസ ദമ്പതികളുടെ മകൻ നവാസ് ഇസ്മായിലാണ് (45) അർബുദത്തെ തുടർന്ന് നിര്യാതനായത്. വാടകവീട്ടിലായിരുന്നു താമസം. വീടെന്ന സ്വപ്നത്തിനായി പല വാതിലുകളും മുട്ടി.
സാമൂഹിക പ്രവർത്തകൻ സുധീർ ഇലവൺസിന്റെ ഇടപെടലിൽ പരുമല സ്വദേശി വിജി ജോണിന്റെ നേതൃത്വത്തിലുള്ള ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരുമ ചാരിറ്റി ഫൗണ്ടേഷൻ ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് നവാസിന്റെ സഹോദരൻ നിയാസ് ഇസ്മായിൽ നൽകിയ ഭൂമിയിലാണ് വീട് നിർമിച്ചത്.
ജൂൺ മുന്നിനായിരുന്നു താക്കോൽദാനം. വീട്ടിൽ താമസം തുടങ്ങിയെങ്കിലും രോഗാവസ്ഥ ഗുരുതരമായതിനാൽ കൂടുതൽ ദിവസവും ചികിത്സക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലായിരുന്നു നവാസ്. രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. ഭാര്യ: ഹസീന. മക്കൾ: മുനീർ, മൻസൂർ.