ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവർ കരീലക്കുളങ്ങര വാലികുളങ്ങര മഠത്തിലേത്ത് താഹയാണ് (58) മരിച്ചത്. യാത്രക്കാരനായ രാമൻകുട്ടി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ദേശീയപാതയിൽ താമല്ലാക്കൽ ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ ആറരക്കായിരുന്നു അപകടം. മാവേലിക്കരയിൽനിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കായംകുളത്തേക്ക് വരുകയായിരുന്ന ഓട്ടോ ടാക്സിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പെട്ടെന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ മറ്റൊരു കാറും വന്നിടിച്ചു.
യാത്രക്കാർക്ക് പരിക്കില്ല. താഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. ഭാര്യ: നിസ. മക്കൾ: താഹിന, ഫർഹാൻ.