കൊടുന്തിരപ്പുള്ളി: പൂടൂരിൽ പുഴയിൽ തടയണയിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പൂടൂർ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കുഞ്ഞിക്കുട്ടന്റെ ഭാര്യ തത്തയുടെ (65) മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. ഒഴുക്കിൽ പെട്ട ആനപ്പാറക്കടവിൽനിന്ന് കിലോമീറ്ററുകൾ അകലെ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമം പരിസരത്ത് പുഴയിൽ ചൊവ്വാഴ്ച വൈകീട്ടാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് ആനപ്പാറ കടവിൽ കുളിച്ചുകൊണ്ടിരിക്കെ ഇവർ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു. പാലക്കാട് നിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ക്രിട്ടിക്കൽ കെയർ 24x7 എമർജൻസി ടീം അംഗങ്ങളും മുങ്ങൽ വിദഗ്ധരും ചേർന്നാണ് മൂന്നു ദിവസം തിരിച്ചിൽ നടത്തിയത്. തത്ത കർഷകത്തൊഴിലാളിയാണ്. മക്കൾ: ഉഷ, വിനോദ്, വിജയൻ. മരുമക്കൾ: പ്രകാശൻ, പവിത്ര, സൗമ്യ.