ആലുവ: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. അശോകപുരം ഗാന്ധിനഗർ കോളനി തൈക്കാവിന് സമീപം കോളായി വീട്ടിൽ മഹേഷാണ് (44) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പിതാവിന്റെ മരണശേഷം കുറച്ചുനാളായി മഹേഷും ഭാര്യയും കൂനമ്മാവിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മാതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗാന്ധിനഗറിലെ വീട്. ഈ വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്തത് സംബന്ധിച്ച് കുറച്ചുകാലമായി തർക്കമുണ്ട്. തർക്കം നടക്കുമ്പോൾ മാതാവും മാതൃസഹോദരനും സ്ഥലത്തുണ്ടായിരുന്നു. വഴക്കിനിടെ കുഴഞ്ഞുവീണതാണെന്നും പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിച്ച് വരുകയാണെന്ന് എടത്തല പൊലീസ് പറഞ്ഞു. കോളനിപ്പടിയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ് മഹേഷ്. മൃതദേഹം അശോകപുരം കാർമൽ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ലീല. ഭാര്യ: അനിത.