ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല
കൊച്ചി: തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസിന്റെ അംഗവൈകല്യമുള്ളവർക്ക് മാത്രമായുള്ള ബോഗിയിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ്സുള്ളയാളെ ലഗേജ് ബെർത്തിൽ തോർത്ത് മുണ്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ വയോധികനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബോഗിയിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. ജനലുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. യാത്രക്കിടെ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. ടിക്കറ്റ് ഇല്ലാതെയാണ് ഇയാൾ യാത്ര ചെയ്തിട്ടുള്ളത്. ഏത് സ്റ്റേഷനിൽനിന്നാണ് കയറിയതെന്നും വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.