ജന്മനാ കഴുത്തിന് താഴേക്ക് തളർന്ന നിലയിലായിരുന്നു
ചെങ്ങമനാട്: കരീമിന്റെയും സീനത്തിന്റെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി തീരാനൊമ്പരക്കയത്തിൽ നിന്ന് പ്രിയമകൻ അൻസിൽ യാത്രയായി. എടത്തല കൊല്ലംകുടി വീട്ടിൽ അബ്ദുൽ കരീമിന്റെയും അടുവാശ്ശേരി കായിക്കുടം മനയ്ക്കലകത്തൂട്ട് വീട്ടിൽ സീനത്തിന്റെയും ഇളയ മകനാണ് 16കാരനായ അൻസിൽ. ജന്മനാ കഴുത്തിന് കീഴ്പോട്ട് തളർന്ന നിലയിലായിരുന്നു. പുഞ്ചിരി തൂകുന്ന മുഖവുമായി അവന്റെ ശൈശവവും ബാല്യവും കൗമാരവും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. ഉദാരമതികളുടെ സഹായഹസ്തത്താൽ കരീമും കുടുംബവും കേരളത്തിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ഏഴ് വർഷം നടത്തിയ ചികിത്സകൾക്കൊടുവിൽ അൻസിൽ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് വിധിയെഴുതി. എങ്കിലും പ്രതീക്ഷ കൈവിടാതെ പലവിധ രോഗങ്ങൾ വേട്ടയാടിയിട്ടും കരീമും സീനത്തും പ്രിയമകന്റെ തിരിച്ചുവരവ് സ്വപ്നം കണ്ട് രാവും പകലും അവനുവേണ്ടി സമർപ്പിക്കുകയായിരുന്നു. അടുവാശ്ശേരി, കുന്നുകര എന്നിവിടങ്ങളിൽ താമസിച്ചിരുന്ന കരീം രണ്ടുവർഷത്തോളമായി ചെങ്ങമനാട്ട് വാടകക്ക് താമസിക്കുകയായിരുന്നു. ഒന്നരമാസം മുമ്പാണ് ചെങ്ങമനാട്ടെ വീട്ടിൽനിന്ന് എടത്തലയിലുള്ള കരീമിന്റെ തറവാട് വീടിന് സമീപം താമസം ആരംഭിച്ചത്. അതിനിടെ, ഞായറാഴ്ച രാത്രി അൻസിലിന്റെ അവസ്ഥ ഗുരുതരമായി. ശ്വാസകോശം ചുരുങ്ങുകയും വയറ്റിൽ ജലാംശവും, പിന്നീട്രക്തസമ്മർദം ഗണ്യമായി കുറയുകയു ചെയ്തു. ഇതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 11ഓടെ അൻസിൽ മരിച്ചു. അൻസിലിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായഹസ്തങ്ങളും മറ്റും നൽകി ഒപ്പം നിന്ന സുമനസ്സുകളോട് കരീമും കുടുംബവും നന്ദി പ്രകാശിപ്പിച്ചു. സഹോദരൻ: മുഹമ്മദ് ആസിഫ്.