ചെറുതോണി: കാമാക്ഷി അമ്പലമേട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അരുൺ വേലൂർ (40), മഹേഷ് ആനചാരിയിൽ (39) എന്നിവരാണ് മുങ്ങിമരിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമാണ ജോലി കഴിഞ്ഞ് പതിവുപോലെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ക്ഷേത്രത്തിനു സമീപം പാറമടയിലെ 20 അടിയിലേറെ താഴ്ചയുള്ള കുളത്തിലാണ് സംഭവം. അരുൺ കാൽവഴുതി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാളും മുങ്ങിത്താഴുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന കല്ലനാനിൽ സുരേന്ദ്രനും വെള്ളത്തിൽ വീണെങ്കിലും കല്ലിൽ പിടിച്ച് കരക്ക് കയറി. കണ്ടുനിന്ന മഹേഷിന്റെ കുട്ടികൾ ക്ഷേത്രം ശാന്തി അരുണിനെ വിവരമറിയിച്ചു. ബഹളംകേട്ട് ഓടിക്കൂടിയവരിൽ ആർക്കും നീന്തൽ അറിയില്ലായിരുന്നു. തുടർന്ന് ഇടുക്കി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവർ എത്തും മുമ്പ് സമീപത്ത് വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശി കുളത്തിൽനിന്ന് ഇരുവരെയും പുറത്തെടുത്തു. തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അരുണിന്റെ ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: അദ്വൈത്, ശ്രേയസി. മഹേഷിന്റെ ഭാര്യ: രാജി. മക്കൾ: യദുകൃഷ്ണൻ, മിഥുൻ കൃഷ്ണ. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.