ആലുവ: ബന്ധുക്കളായ മധ്യവയസ്കനും വയോധികയും മിനിറ്റുകൾക്കിടയിൽ മരിച്ചു. എടത്തല പരേതനായ കൊല്ലംകുടി മുസ്തഫയുടെ മകൻ ബഷീർ (55), ബഷീറിന്റെ പിതാവിന്റെ സഹോദരൻ കൊല്ലംകുടി അബ്ദുൽ റഹ്മാന്റെ ഭാര്യ ഐഷു (62) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ ആലുവ അശോകപുരം കാർമൽ ആശുപത്രിയിലായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ വീട്ടിൽ തലചുറ്റി വീണതിനെത്തുടർന്ന് ഐഷുവിനെ ബഷീർ അടക്കമുള്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ വാഹനത്തിൽവെച്ച് ഐഷു കുഴഞ്ഞുവീണു. ആശുപത്രിയിലെത്തി ഐഷുവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചയുടൻ ബഷീറും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ബഷീറിനെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ബഷീർ മരണപ്പെട്ടു. തൊട്ടുപിന്നാലെ ഐഷുവും മരിച്ചു. ബഷീറിന്റെ ഭാര്യ: റസീന. മക്കൾ: റഫീഖ്, റമീസ്. മരുമകൾ: ആസിയ. ഐഷുവിന്റെ മക്കൾ: അശ്റഫ്, സിദ്ദീഖ്, റഷീദ, സബീന. മരുമക്കൾ: ജാസ്മിൻ, സീനത്ത്, ഹസൈനാർ, അബ്ദുൽ അസീസ്. ഇരുവരുടെയും ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പേങ്ങാട്ടുശ്ശേരി മഹല്ല് ഖബർസ്ഥാനിൽ.