കളമശ്ശേരി: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശൂർ കുന്നംകുളം കാണിയമ്പാൾ നെടിയേടത്ത് വീട്ടിൽ രാജന്റെ മകൻ ഉജ്ജ്വലാണ് (23) മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കോളനി കുറൂപ്രയിൽ നഗരസഭയുടെ തെരിക്കുളത്തിൽ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആലുവയിലെ സ്വകാര്യ ഐ.ടി.ഐ സ്ഥാപനത്തിലെ ജീവനക്കാരനായ ഉജ്ജ്വൽ കൂട്ടുകാരായ റോഷിത്, അമൽ എന്നിവർക്കൊപ്പമാണ് കുളത്തിലെത്തിയത്. അമലിനൊപ്പം ഉജ്ജ്വലും വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കൾ ഒച്ചവെച്ചത് ശ്രദ്ധയിൽപെട്ട സമീപത്തെ ചായക്കടയിൽ നിന്നിരുന്ന മെഡിക്കൽ കോളജ് വിദ്യാർഥികൾ ഓടിയെത്തി യുവാവിനെ മുങ്ങിയെടുത്ത് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.