പെരിന്തൽമണ്ണ: യുവജന സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ വീട് കിട്ടിയതിന്റെ നാലാം നാൾ ഗൃഹനാഥൻ മരിച്ചു. താഴെക്കോട് മുതിരമണ്ണയിലെ മരുതംകുഴി കുഞ്ഞക്കൻ (53) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന കുഞ്ഞക്കൻ മരം കയറിയപ്പോൾ വീണ് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു. ഇദ്ദേഹത്തിനും കുടുംബത്തിനും വാസയോഗ്യമായ വീടില്ലായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ സ്നേഹപൂർവം പദ്ധതിയിൽ ജില്ലയിൽ 20 വീട് നിർച്ചുനൽകുന്നതിൽ ആദ്യ വീട് കുഞ്ഞക്കനും കുടുംബത്തിനുമായിരുന്നു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ. റഹീമാണ് വെള്ളിയാഴ്ച താക്കോൽദാനം നിർവഹിച്ചത്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ മൂന്നു രാത്രി പുതിയ വീട്ടിൽ അന്തിയുറങ്ങിയാണ് കുഞ്ഞക്കൻ വിടവാങ്ങിയത്. കുഞ്ഞക്കനും കുടുംബവും നേരത്തെ ചെറിയ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മഴക്കാലത്ത് വീടിന് കേടുപാടുകൾ വന്നതോടെ താമസിക്കാൻ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഭാര്യയും അഞ്ചു പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ: കല്യാണി. മക്കൾ: നീതു, നിത്യ, ധന്യ, നിഖിത, നിതുല്യ. മരുമക്കൾ: ശശി, പ്രജീഷ്, ശിവദാസ്.