അടൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും അടൂർ നഗരസഭ മുൻ കൗൺസിലറുമായ അടൂർ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രൻ (56) കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയിൽ എസ്.ബി.ഐക്ക് സമീപത്തെ വളവിലാണ് അപകടം. ഭാര്യാസഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തിരുവനന്തപുരത്ത് പോകാൻ വീട്ടിൽ നിന്നിറങ്ങി ആനന്ദപ്പള്ളി ജങ്ഷനിലേക്ക് നടക്കുകയായിരുന്നു ഇരുവരും. യാത്ര പോകാനുള്ള ബസ് ഇടിച്ചാണ് മരണം. ബസ് വരുന്നതുകണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ജ്യോതിയാണ് ഭാര്യ. മക്കൾ: അനന്ദു (വിദ്യാർഥി, ജർമനി), അഞ്ജലി. ശനിയാഴ്ച രാവിലെ 10ന് അടൂർ നഗരസഭ കാര്യാലയത്തിന് മുന്നിൽ പൊതുദർശനത്തിനുശേഷം 11 ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് മൂന്നിന് സംസ്കരിക്കും.