ഏറ്റുമാനൂർ: കട്ടച്ചിറ ഭാഗത്ത് ആൾത്താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് (47) മരിച്ചത്. സമീപവാസികൾ കൃഷി ആവശ്യത്തിന് വെള്ളം എടുത്തപ്പോൾ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കരാർ ജോലികൾ നടത്തുന്ന കന്യാകുമാരി സ്വദേശി ജോൺ റോസിനോടൊപ്പം തൊഴിലാളിയായി അഞ്ചു ദിവസം മുമ്പാണ് മണികണ്ഠൻ എത്തിയത്. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.