പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇലന്തൂർ കിഴക്ക് നാഗവര തടത്തിൽ ജോർജ് ജോൺസന്റെ (സന്തോഷ് -49) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ കണ്ടെത്തിയത്.
പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറായ സന്തോഷ് വിവാഹമോചനം നേടി തനിച്ചാണ് താമസിക്കുന്നത്. രണ്ടുദിവസമായി ഇദ്ദേഹം ഓട്ടോസ്റ്റാൻഡിൽ എത്തിയിരുന്നില്ല. അയൽക്കാരും കണ്ടിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പത്തനംതിട്ട പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്ന് രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സന്തോഷിനെ രണ്ടുമാസം മുമ്പ് നായ് കടിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.