തൃപ്പൂണിത്തുറ: വയറിന് കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തുവീട്ടിൽ വാടകക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസാണ് (47) മരിച്ചത്.
യുവാവിനെ കുത്തിയ പ്രതി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനിയിൽ മാലായി അച്ചു എന്ന അഖിലിനെ (27) ഹിൽപാലസ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രവീണിനെ പ്രതി ഫോണിൽ വിളിച്ചുവരുത്തിയശേഷം കുത്തുകയായിരുന്നു. രക്തം വാർന്ന പ്രവീൺ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വയർ ചുറ്റിക്കെട്ടി തനിയെ ബൈക്ക് ഓടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. കുഴഞ്ഞുവീണ ഇയാളെ ആശുപത്രി ജീവനക്കാർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കുത്തിയത് ആരാണെന്ന് പ്രവീൺ വെളിപ്പെടുത്തിയില്ല. സഹോദരിയുടെ മൊഴി പ്രകാരമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രവീണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: എൽസി ഫ്രാൻസിസ്. ഭാര്യ: മഞ്ജു പ്രവീൺ. മക്കൾ: ജോമ (രണ്ടാം ക്ലാസ്), ജോസ്വിൻ (എൽ.കെ.ജി).