ആലുവ: അന്തർസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ കൊച്ചിവിഹാർ സ്വദേശി മണ്ഡുവിനെയാണ് (27)ആലുവ ഇ.എസ്.ഐ ഡിസ്പെൻസറിയിലെ നിർമാണം പൂർത്തിയായ പുതിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇ.എസ്.ഐ ഡിസ്പെൻസറി വളപ്പിൽ ലോക്കൽ ഓഫിസിനായി നിർമിച്ച ഇരുനില കെട്ടിടത്തിലെ ഫാൻ ഹുക്കിലാണ് തൂങ്ങിയത്. നിർമാണവും പെയിൻറിങ്ങും ഉൾപ്പെടെ പൂർത്തിയായ കെട്ടിടത്തിൽ വയറിങ് ജോലികളാണ് നടക്കുന്നത്. അശോകപുരം കാർമൽ ആശുപത്രിക്ക് സമീപമാണ് മണ്ഡു വാടകക്ക് താമസിക്കുന്നത്.
വെള്ളിയാഴ്ച ഹർത്താലായതിനാൽ ജോലി ഉണ്ടായില്ലെങ്കിലും ഇയാൾ താമസ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ജോലിക്കെത്തിയവരാണ് ഇയാളെ തൂങ്ങിയനിലയിൽ കണ്ടത്. ആലുവ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.