പാലാ: നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഡയാലിസിസിന് പോയിരുന്ന വൃക്കരോഗിയായ ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഇടുക്കി ചീനിക്കുഴി പറയാമല മലയിഞ്ചി വാരികാട്ട് ഗിരീഷാണ് (45) ദാരുണമായി മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച 5.45ഓടെ കൊല്ലപ്പള്ളി- മുട്ടം റോഡില്‍ കടനാട് റോഡിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലായിരുന്നു അപകടം. മേലുകാവുഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഓട്ടോയിലുണ്ടായിരുന്ന ബന്ധു അശ്വിന് (20) പരിക്കോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഇരുന്ന ഭാഗം ഇടിച്ചുകയറി ഓട്ടോ ലോറിയുടെ പിന്നില്‍ കുരുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓട്ടോയിലുള്ളവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേന എത്തി അരമണിക്കൂറോളം ശ്രമിച്ച ശേഷമാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. ഗിരീഷ് സംഭവസ്ഥലത്ത് മരിച്ചു. വൃക്കരോഗിയായ ഗിരീഷ് ബുധനാഴ്ചയും ശനിയാഴ്ചയും ഡയാലിസിസ് നടത്തിവരുകയായിരുന്നു. രണ്ടുവര്‍ഷമായി ഭാര്യാബന്ധുവിന്റെ കോളപ്ര ഏഴാം മൈലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുടയത്തൂര്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിന് കുടയത്തൂരില്നിന്ന് പുലര്‍ച്ച നാലോടെയാണ് പുറപ്പെട്ടത്. ഭാര്യ: സജിത കുടയത്തൂര്‍ പുളിയന്മാക്കല് കുടുംബാംഗം. മകള്‍: അരുണിമ.