മൂലമറ്റം: ഗരുഡൻ തൂക്ക വിദ്വാൻ രവീന്ദ്രൻ പൊറ്റംകോട്ട് (കുഞ്ഞൂഞ്ഞ് ആശാൻ -85) നിര്യാതനായി. ഏഴു പതിറ്റാണ്ടിലേറെ ഇടുക്കി ജില്ലയിലും പുറത്തും ഗരുഡൻ പറവയുമായി നടന്ന രവീന്ദ്രൻ പക്കി (പക്ഷി) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എട്ടാം വയസ്സിൽ ഗരുഡൻ തൂക്കം തുടങ്ങിയ രവീന്ദ്രൻ രണ്ട് വർഷം മുമ്പുവരെ സജീവമായിരുന്നു. അറക്കുളം, കാരിക്കോട് മേഖയിലെ ഗരുഡൻ തൂക്കം എന്ന ക്ഷേത്ര കലാരൂപത്തിന്റെ കുലപതിയായിരുന്ന പൊറ്റംകോട്ടിൽ ഈച്ചരന്റെ അഞ്ച് മക്കളിൽ ഇളയവനാണ്. അറക്കുളത്ത് താമസിച്ചിരുന്ന രവീന്ദ്രനും കുടുംബവും അഞ്ച് വർഷം മുമ്പ് രാജകുമാരിയിലേക്കു താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം മൂലമറ്റത്ത് താമസിക്കുന്ന മകളുടെ വീട്ടിൽ എത്തിയ അദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലായി നൂറുകണക്കിന് ശിഷ്യന്മാരുണ്ട്. മക്കൾ: ചിത്ര, അജയകുമാർ. മരുമക്കൾ: ജയകുമാർ, അമ്പിളി. സംസ്കാരം തിങ്കളാഴ്ച രാവിലെ തൊടുപുഴ പൊതുശ്മശാനത്തിൽ.