നെന്മാറ: നെന്മാറ സ്വദേശിയെ കൊല്ലം കുണ്ടറയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയിലൂർ കോപ്പൻകുളമ്പ് സ്വദേശി വിനു (35) ആണ് മരിച്ചത്. കുണ്ടറ കേരളപുരത്തെ തട്ടുകടയിലെ തൊഴിലാളിയായിരുന്നു. വിനു മദ്യപിച്ച് ഞായറാഴ്ച രാത്രി തട്ടുകടയിൽ ജോലിക്ക് എത്തിയത് കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുറത്തുപോയി റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ നടന്നതായി സമീപവാസികൾ പറയുന്നു. മദ്യപിച്ച് ട്രാക്കിൽ നടക്കുന്നത് കണ്ട സമീപവാസികൾ വഴക്കുപറയുകയും അമിത മദ്യപാനത്തിൽ കുഴഞ്ഞ വിനുവിനെ ട്രാക്കിൽ നിന്നും മാറ്റി സമീപത്ത് കിടത്തുകയും ചെയ്തു. രാത്രി 11 ഓടെ ഹോട്ടൽ ഉടമയും ഭാര്യയും വിനു താമസിക്കുന്ന മുറിയിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുവർഷത്തോളമായി വീട്ടിൽ വരാറില്ലാത്ത വിനുവിനെക്കുറിച്ച് വീട്ടുകാർക്കും വിനുവിന്റെ വീടിനെക്കുറിച്ച് കൂടെ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികൾക്കും അറിയില്ലായിരുന്നു. താമസിച്ച മുറിയിൽനിന്ന് അമ്മയുടെ പേരും നെന്മാറയിലെ പൂർണമല്ലാത്ത വിലാസവും കിട്ടിയതിനെ തുടർന്ന് കുണ്ടറ പൊലീസ് നെന്മാറ പൊലീസുമായി ബന്ധപ്പെട്ടാണ് വീട്ടുകാരെ അറിയിച്ചത്. പിതാവ്: കൃഷ്ണൻ. മാതാവ്: മാധവി. സഹോദരങ്ങൾ: സുദർശൻ, സ്മിത.