ചങ്ങരംകുളം: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും പട്ടിത്തറയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന അമയിൽ അബ്ദുസ്സമദിന്റെ മകൻ മുഹമ്മദ് സബിൻ (18) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബ്ദുസ്സമദ് (45), ഭാര്യ ഷെറീന (37) എന്നിവർ അടുത്ത ദിവസങ്ങളിലായി മരിച്ചിരുന്നു. സെപ്റ്റംബർ 21ന് രാവിലെ ഏഴരയോടെയാണ് കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടിൽ അപകടമുണ്ടായത്. തൃത്താല പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. പരിക്കേറ്റവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കേറ്റ മൂന്ന് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സമദിന്റെ മകളും മാതാവും അപകട സമയത്ത് പുറത്തായിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുസ്സമദ്. പടിഞ്ഞാറങ്ങാടിയിൽ സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മരിച്ച മുഹമ്മദ് സബിൻ. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.