പാണ്ടിക്കാട്: കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കിടങ്ങയം തോട്ടിനക്കര സ്വദേശി ചെറുകപ്പള്ളി ഷാഫിയുടെ മകൻ മുഹമ്മദ് ഷയാനാണ് (ഒമ്പത്) മരിച്ചത്. ആമക്കാട് തോട്ടിനക്കര പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. നടന്നുവരുകയായിരുന്ന മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷിഫാൻ, മുഹമ്മദ് റസൽ എന്നീ കുട്ടികളെ മഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷയാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. പാണ്ടിക്കാട് കിടങ്ങയം എ.എം.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മുഹമ്മദ് ഷിഫാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റസൽ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു. മൃതദേഹം കിടങ്ങയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ജാസിയ. സഹോദരൻ: ഷക്കീബ്.