കാക്കവയൽ (വയനാട്): പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് ദാരുണാന്ത്യം. കാക്കവയൽ കൈപാടം കോളനിയിലെ മാധവൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ കാക്കവയല്‍ വിജയ ബാങ്കിന് സമീപമാണ് സംഭവം. വീട്ടിൽനിന്ന് ടൗണിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. സാരമായി പരിക്കേറ്റ മാധവനെ ഉടനെ കൽപറ്റ ഗവ.ജനറൽ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയോടെയാണ് മരിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാട്ടുപന്നിയാണ് ആക്രമിച്ചതെന്ന് വ്യക്തമായത്. മക്കൾ : ബാബു, ശാന്ത, മനു.