നിലമ്പൂർ: തമിഴ്നാട് ഗുഡല്ലൂർ സ്വദേശിയായ യുവതി ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മൂലേപ്പാടം ഏഴാം ബ്ലോക്കിലെ കുളത്തിൽ മുങ്ങി മരിച്ചു. ഗുഡല്ലൂർ ചെമ്പാല സ്വദേശി മേഘനാഥന്റെ ഭാര്യ മഹാലക്ഷ്മി (25) ആണ് നാലു വയസ്സുകാരി മകളുടെയും സഹോദരിയുടെയും മുന്നിൽ മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മഞ്ചേരി സ്വദേശിയുടെ ഏഴാം ബ്ലോക്കിലെ റബർ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ ടാപ്പിങ് ജോലി ചെയ്യുന്നത്. തോട്ടത്തിൽ കൃഷിക്കായി നിർമിച്ച കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടനെ മഹാലക്ഷ്മിയെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലു രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: കമലകണ്ണൻ. മാതാവ്: യോഗി റാണി. സഹോദരങ്ങൾ: രേവതി, സുഭലക്ഷ്മി.