പത്തനംതിട്ട: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. മെഴുവേലി കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ (അരവിന്ദം) വി.കെ. രാജുവാണ്(61) മരിച്ചത്. ഇലവുംതിട്ട ജങ്ഷനിൽ വ്യാപാരം നടത്തുന്ന രാജു കഴിഞ്ഞമാസം ഏഴിന് രാത്രി ഒമ്പതുമണിയോടെ കടയടച്ചശേഷം മെഴുവേലിയിലെ വീട്ടിലേക്കുപോകുമ്പോൾ പുളിന്തിട്ടയിലാണ് അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീണ രാജുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മരിച്ചു. ഭാര്യ: അനിത. മക്കൾ: ആര്യ (സർവിസ് സഹകരണ ബാങ്ക്, നെടുമ്പ്രം), അരവിന്ദ് (പ്ലസ് വൺ വിദ്യാർഥി, പി.എച്ച്.എസ്.എസ് മെഴുവേലി). സംസ്കാരം നടത്തി.