ഗാന്ധിനഗർ: റെയിൽവേ ട്രാക് മുറിച്ചുകടക്കവെ യുവതി ഭർത്താവിന്റെ മുന്നിൽ വെച്ച് ട്രെയിനിടിച്ച് മരിച്ചു. സംക്രാന്തി ഭാഗത്ത് ഗാന്ധിനഗർ റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന ചുള്ളിക്കൽ സജിയുടെ ഭാര്യ ജൈനയാണ് (37) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഗാന്ധിനഗർ പെട്രോൾ പമ്പിന് സമീപത്തെ മീൻകടയിൽനിന്ന് മീൻ വാങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു. ഭർത്താവ് ഈ സമയം ഭാര്യയെ കാത്ത് ട്രാക്കിന് സമീപം കാത്തുനിൽക്കുകയായിരുന്നു. വണ്ടി വരുന്നത് കണ്ട് ഭർത്താവ് വിളിച്ചുകൂവിയെങ്കിലും ജൈന ട്രാക് കുറുകെ കടക്കുന്നതിനിടെ എൻജിൻഭാഗം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മകൻ: ജിത്തു (പ്ലസ് വൺ വിദ്യാർഥി).