പറവൂർ: കൊടൈക്കനാലിൽ വിനോദയാത്രക്ക് പോയ ട്രാവലർ മറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. മൂന്ന് കുട്ടികൾക്കടക്കം ഏഴുപേർക്ക് പരിക്കേറ്റു. പറവൂത്തറ കുമാരമംഗലം ചെമ്പകപ്പറമ്പിൽ ബാബുവിന്റെ മകൻ അജേഷാണ് (കുട്ടൻ -44) മരിച്ചത്. വടക്കേക്കര സെക്ഷനിലെ ലൈൻമാനാണ്. ബുധനാഴ്ച രാത്രി ഏഴിന് കൊടൈക്കനാൽ -പഴനി റോഡിലാണ് അപകടം. എതിർദിശയിൽ നിന്നുവന്ന വാഹനവുമായി കൂട്ടിമുട്ടാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോൾ സുരക്ഷാഭിത്തിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. അമ്പത് അടിയോളം താഴ്ചയിലുള്ള മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടമുണ്ടായില്ല. നാട്ടുകാരും മറ്റു വിനോദയാത്രക്കാരും ചേർന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. മൂന്ന് ആംബുലൻസുകളിൽ പരിക്കേറ്റവരെ പഴനി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അജേഷിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആംബുലൻസിലെ മെഡിക്കൽ ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയാണ് പറവൂരിൽനിന്ന് 12 അംഗസംഘം വിനോദയാത്രക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പഴനി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കൊടൈക്കനാലിലേക്ക് പോയി തിരിച്ചുമടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറായി സ്വദേശി അനീഷാണ് (38) സാരമായി പരിക്കേറ്റ മറ്റൊരാൾ. മധുര ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ പിന്നീട് എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. അജേഷിന്റെ മൃതദേഹം പഴനി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തോന്നിയകാവ് ശ്മശാനത്തിൽ. അമ്മ: ഷൈല, മകൾ കല്ല്യാണി.