മൂവാറ്റുപുഴ: പിതാവിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നഗരത്തിലെ ലതാ കടവിൽ കുളിക്കാൻ ഇറങ്ങിയ ഇടുക്കി പൊൻമുടി പടിഞ്ഞാറേ കണ്ടത്തിൽ പി.സി. ശിവദാസിന്റെ മകൻ മനുപ്രസാദാണ് (27) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ശിവദാസനും മകൻ മനുപ്രസാദും ലതാ കടവിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട മനുവിനെ രക്ഷിക്കാൻ നാട്ടുകാരും അഗ്നിരക്ഷാസേനയും ശ്രമം നടത്തിയെങ്കിലും ഇരുട്ടായതിനാൽ വിജയിച്ചില്ല. ചൊവ്വാഴ്ച രാവിലെ സ്കൂബാ ടീം നടത്തിയ തിരച്ചിലിൽ കലയരങ്ങ് കടവിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക്മാറ്റി. നഗരത്തിലെ സ്വകാര്യ പമ്പിൽ ജോലിക്കായി രണ്ടാഴ്ച മുമ്പാണ് മനു പ്രസാദ് മൂവാറ്റുപുഴയിൽ എത്തിയത്. നഗരത്തിലെ കൂലിപ്പണിക്കാരനാണ് ശിവദാസൻ.