തൊടുപുഴ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ ജോർജാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഭർത്താവിന്റെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഭർത്താവിന്റെ അമ്മയും സഹോദരിയുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. യുവതിയെ ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ്-ഐബി ദമ്പതികളുടെ മകളാണ്. ആഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.