കങ്ങഴ: വീടിന് തീയിട്ടശേഷം ഗൃഹനാഥൻ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ചു. കങ്ങഴ നൂലുവേലി വാലുമണ്ണേൽപടി എം.വി. ഹരിദാസാണ് (60) മരിച്ചത്. ബുധനാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. തീയും ഉഗ്രശബ്ദവും കേട്ട് നാട്ടുകാർ നോക്കിയപ്പോഴാണ് ഹരിദാസിന്റെ വീട് കത്തുന്നത് കണ്ടത്. അയൽവാസികൾ വിവരം പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. ഇതിനിടയിലാണ് മുറ്റത്തെ പ്ലാവിൽ ഹരിദാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടിയിൽനിന്നും രണ്ട് അഗ്നിരക്ഷാസേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. വീട്ടിനുള്ളിലെ ഫ്രിഡ്ജും മറ്റ് ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. വീട് പൂർണമായി കത്തിനശിച്ചു.