കുമളി: റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വെച്ച് പൊള്ളലേറ്റ സ്ത്രീ ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പെരുവന്താനം അമലഗിരി സ്വദേശിനി ഷാജിമോളാണ് (45) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പൊള്ളലേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്തായ ഷാജിമോൾ അവിവാഹിതയാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ സുഹൃത്തുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. റിട്ട.പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബ സൃഹൃത്തായ ഷാജിമോൾ സംഭവ ദിവസം സംസാരത്തിനിടെ ക്ഷോഭിച്ച് തലയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ കുമളി പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ച് മുദ്ര വെച്ചിരുന്നു. ശരീരമാകെ പൊള്ളലേറ്റ യുവതിയെ പ്രാഥമിക ശുശ്രൂഷക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ മൃതദേഹം ശനിയാഴ്ച ഇൻക്വസ്റ്റ് നടത്തും. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.