ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. നഗരസഭ ആറാം വാർഡ് മാതാക്കലിൽ താമസിക്കുന്ന കന്നുപറമ്പിൽ ഷാഹുലിന്റെ മകൻ പത്തനാട് ഉസ്മാനിയ അറബിക് കോളജ് വിദ്യാർഥി മുഹമ്മദ് അഫ്സലാണ് (15 ) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്തുകൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽപെടുകയായിരുന്നു. പുഴയുടെ തീരത്ത് നിന്ന കുട്ടികൾ ബഹളംവെച്ചതോടെ നാട്ടുകാരെത്തി പൊലീസിൽ അറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും ടീം നന്മക്കൂട്ടവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. ഉടൻ പി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു . മൃതദേഹം പാലാ ജനറൽ ഫആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സുജിത. സഹോദരങ്ങൾ: അക്മൽ, അദ്നാൻ (വിദ്യാർഥികൾ).