തുറവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുല്ലപ്പള്ളിൽ വീട്ടിൽ പരേതനായ ഹമീദിന്റെ മകൻ ഷാനവാസാണ് (47) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ദേശീയപാതയിൽ കുത്തിയതോട് പാലത്തിന് തെക്ക് ഭാഗത്തായിരുന്നു അപകടം. കുത്തിയതോട് മദ്റസയിൽനിന്ന് കുട്ടിയുമായി വീട്ടിലേക്ക് വരുമ്പോൾ ഡിവൈഡറിന് സമീപം നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷാനവാസ് തെറിച്ച് സമീപത്തുള്ള കാനയിൽ തലയടിച്ചു വീഴുകയായിരുന്നു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മരിച്ചു. അപകടത്തിൽ കുട്ടി പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ: ഷൈമ. മക്കൾ: സന ഫാത്തിമ, ഹംന ഫാത്തിമ, ഹന ഫാത്തിമ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കുത്തിയതോട് മഹൽ ഖബർസ്ഥാനിൽ.