തിരൂർക്കാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അറബിക് അധ്യാപിക അറക്കൽ റഷീദ (47) മരിച്ചു. കടലുണ്ടിയിലെ പരേതനായ എ.കെ. മൊയ്തീന്കോയയുടെയും എൻ.വി. ഖദീജയുടെയും മകളാണ്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ തിരൂർക്കാട് അങ്ങാടിയിൽ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. രണ്ടുവർഷമായി കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലാണ് റഷീദ ടീച്ചർ ജോലി ചെയ്യുന്നത്. കണ്ണൂർ പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂൾ, കണ്ണൂർ ദീനൂൽ ഇസ്ലാം സഭ ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ തൂത ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് വികസന സമിതി മുൻ ചെയർമാനുമായ ഉമർ അറക്കലിന്റെ ജ്യേഷ്ഠ സഹോദരൻ കണ്ണൂരിലെ പരേതനായ അബ്ദുല്ല അറക്കലിന്റെ മകൻ റഹ്മത്തുല്ല അറക്കലാണ് ഭർത്താവ്. ഒന്നരവർഷമായി തിരൂർക്കാടാണ് താമസം. മക്കൾ: ലഹിൻ ഹംദാൻ (മദീന യൂനിവേഴ്സിറ്റി വിദ്യാർഥി), അജ്ലാൻ (ബംഗളൂരു), റജ് വാൻ (പെരിന്തൽ മണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി), ഫഹ്മാൻ (തിരൂർക്കാട് എ.എം ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ഹാജറ, ഫൗസിയ, സൗദ, നജ്മുദ്ദീൻ, തഹ്സീന.