ഉംറ കഴിഞ്ഞ് നെടുമ്പാശ്ശേരിയിലിറങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം
അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോ ഫ്ലോർ ബസിന് പിന്നിൽ കർണാടകയിൽനിന്നുള്ള ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മരിച്ചു. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരംകണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38) മരിച്ചത്. ബന്ധുക്കളടക്കം ഏതാനും പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച പുലർെച്ച 5.30നായിരുന്നു അപകടം. ഉംറക്ക് ശേഷം ഞായറാഴ്ച പുലർച്ച നെടുമ്പാശ്ശേരിയിൽ വന്നു. സലീനയെ നാട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ സഹോദരിയും കുടുംബവും എത്തിയിരുന്നു. ഇവരോടൊപ്പം കോഴിക്കോട്ടേക്ക് ലോ ഫ്ലോർ ബസിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ദുരന്തം. ഇടിയുടെ ആഘാതത്തിൽ ലോ ഫ്ലോർ ബസിന്റെ പിന്നിൽ ഇടതുവശത്ത് ഇരിക്കുകയായിരുന്ന സലീന ചില്ല് തകർന്ന് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. സഹോദരി അസ്മാബി (45), ഭർത്താവ് അബ്ദുൽ റഷീദ് (53), മകൻ ഹിലാൽ (എട്ട്), നൂറനാട് സ്വദേശിനി ടീനമോൾ ഫിലിപ് (27) എന്നിവർക്കും നിസ്സാര പരിക്കേറ്റു. സലീന എ.ആർ. നഗർ കുറ്റൂർ അരീക്കൽ കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: ഷബ്ന, ഷഹ്ല. മറ്റുസഹോദരങ്ങൾ: ഷരീഫ, ഷബീബ്, ഷമീമ. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.