അടിമാലി: ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയ നവദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുകോളനിയിലെ രാജ (30), ഭാര്യ കാവ്യ (20), സഞ്ജയ്(24) എന്നിവരാണ് മരിച്ചത്. ഒരു മാസം മുമ്പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. സഞ്ജയിന്റെ വീട്ടില്‍ വിവാഹ സത്കാരത്തിനെത്തിയതായിരുന്നു രാജയും കാവ്യയും. സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം പുലര്‍ച്ച നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നദിയിലിറങ്ങുമ്പോൾ രാജയും കാവ്യയും പാറയില്‍ കാല്‍വഴുതി വീണു. ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍ പെട്ട ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് സഞ്ജയ് അപകടത്തില്‍ പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന പ്രണവ് വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. മൂന്ന് മൃതദേഹങ്ങളും തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്.