ഉഴവൂർ: കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാണക്കാരി മാന്താറ്റിൽ കളപ്പുര വെച്ചയമുകളിൽ കെ.ജി. പ്രദീപ്കുമാറാണ് (44) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ അരീക്കര പള്ളിപ്പാറ രാജുവിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ഇയാൾ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചത്. മഞ്ജുവിന്റെ കഴുത്തിനും തലക്കും പരിക്കേറ്റു. തടയാൻ ശ്രമിക്കവെ വെട്ടുകൊണ്ട് കൈവിരലുകൾ അറ്റുപോകുകയും ചെയ്തു. സംഭവത്തിനുശേഷം, ഇയാൾ ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവിടെ ചികിത്സയിൽ തുടരുകയാണ് ഇവർ. കുറവിലങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ പ്രദീപിനായി തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപ് ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തുനിന്ന് ഭക്ഷണം കഴിച്ചതിന്റെയും മറ്റും അവശിഷ്ടങ്ങളും കണ്ടെത്തി. പ്രദീപിന്റെ മൊബൈൽ ഫോൺ ഓണായിരുന്നതിനാൽ, ടവർ ലൊക്കേഷൻ മുഖേന കുറവിലങ്ങാട് പൊലീസ് അരീക്കരയിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് രാമപുരം എസ്.ഐ കെ.ബി. ജയൻ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അഭിനയ, അഭിനവ്.