ആലുവ: ആലുവ - മൂന്നാർ ദേശസാത്കൃത റൂട്ടിൽ ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളുരുത്തിയിൽ വാടകക്ക് താമസിക്കുന്ന നിലമ്പൂർ കാലായിൽ ഷാജിയാണ് (51) മരിച്ചത്. കുട്ടമശ്ശേരി ചൊവ്വര ഫെറി ഭാഗത്ത് വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. വാനിൽ സഞ്ചരിച്ച മൂന്നുപേർക്ക് പരിക്കുണ്ട്. പോഞ്ഞാശ്ശേരി അൽ ഫുർഖാൻ ഇസ്ലാമിക് കോളജിലെ മുഹമ്മദ് ശിബിലി (23), ഹിബത്തുല്ല മുഹമ്മദ് (24), മുഹമ്മദ് അമീൻ (27), കെ.എ. അസറുദ്ദീൻ (23) എന്നിവർക്കാണ് പരിക്ക്. ഇവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഷാജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഓട്ടോ തലകീഴായി മറിഞ്ഞു. പെരുമ്പാവൂരിൽനിന്ന് ഓട്ടം കഴിഞ്ഞ് പള്ളുരുത്തിയിലേക്ക് വരുകയായിരുന്നു ഷാജി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നിലമ്പൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈബി. മക്കൾ: ഷിന്റോ, ഷിബിൻ, ഷിബിന.