കുമളി: വിശ്രമജീവിതത്തിനായി ചെന്നൈയിൽനിന്നെത്തിയ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ കൊടൈക്കനാലിൽ അപകടത്തിൽ മരിച്ചു. ചെന്നൈയിലെ പ്രമുഖ വ്യവസായിയായിരുന്ന കമലക്കണ്ണൻ (69), ഭാര്യ ചന്ദ്രിക (65) എന്നിവരും ഇവർ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ അരുൺകുമാറുമാണ് (47) മരിച്ചത്. വിശ്രമജീവിതത്തിനായി ചെന്നൈയിൽ നിന്നും അടുത്തിടെ എത്തിയ ദമ്പതികൾ കൊടൈക്കനാൽ പ്യാരി എസ്റ്റേറ്റിൽ സ്വന്തമായി വീട് വാങ്ങിയിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ബുധനാഴ്ച രാത്രി ഇരുവരും ചെന്നൈയിൽ പോയി മടങ്ങി വന്ന ശേഷം ഓട്ടോയിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൊടൈക്കനാൽ ഗാട്ട് റോഡിലൂടെ ഓട്ടോയിൽ പോകുന്നതിനിടെ എതിരെ വന്ന ടെമ്പോവാൻ ഇടിച്ചാണ് അപകടം. ദമ്പതികൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.