ഒറ്റപ്പാലം: കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒമ്പതുകാരിക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. പട്ടാമ്പി പരുതൂർ പഴയങ്ങാടി മാങ്ങണ്ടത്ത് വീട്ടിൽ ശ്യാം ശേഖറിന്റെ മകൾ പ്രജോഭിതയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.20ന് പാലക്കാട്-കുളപ്പുള്ളി പാതയിൽ പാലപ്പുറം പത്തൊമ്പതാം മൈലിലായിരുന്നു അപകടം. ശ്യാം ശേഖറിന്റെ ഭാര്യ ചിത്ര മേനോൻ, ബന്ധു പ്രണവ് സൂരജ്, പ്രണവിന്റെ സുഹൃത്തുക്കളായ അരവിന്ദ്, അജയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ച ശ്യാം ശേഖറും തമിഴ്നാട് സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ദീപാവലി അവധിക്ക് കോയമ്പത്തൂരിൽനിന്ന് സുഹൃത്തുക്കളും മറ്റുമായി പരുതൂരിലേക്ക് വരികയായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് രക്ഷ പ്രവർത്തനം നടത്തിയത്. വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈനേജിലേക്കിറങ്ങിയ കാർ പൂർണമായും തകർന്നു.