കൊച്ചി: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന എറണാകുളം ഹൈകോടതി റോഡിൽ പാർപ്പിടത്തിൽ വി.എൻ. അച്യുതക്കുറുപ്പ് (93) നിര്യാതനായി. ഹൈകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. പത്തനംതിട്ട അടൂർ വട്ടമുരുപ്പേൽ കുടുംബാംഗമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല വിദ്യാർഥി സംഘടനയാണ് സ്റ്റുഡന്റ്സ് ഫെഡറേഷൻ. അച്യുതക്കുറുപ്പ് ജനറൽ സെക്രട്ടറിയായിരിക്കെ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ, മുൻ ഹൈകോടതി ജഡ്ജി ശിവരാമൻ നായർ, വി. സാംബശിവൻ എന്നിവർ സംഘടനയുടെ പ്രസിഡന്റുമാരായിരുന്നു. പിന്നീട് യുവജന സംഘടനയായ യൂത്ത് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി.1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറി. തുടർന്ന് മുഴുസമയം അഭിഭാഷകനായി മാറി. ഭാര്യ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ സരളാദേവി. മക്കൾ: ലേഖ സ്വാതി, ലത രാംകുമാർ, ലീന മുരളി, ലക്ഷ്മി ഹരികുമാർ. മരുമക്കൾ: ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ബി.എസ്. സ്വാതികുമാർ (ഹൈകോടതി അഭിഭാഷകൻ), രാംകുമാർ, ടി.ആർ. ഹരികുമാർ (ഹൈകോടതി അഭിഭാഷകൻ).