ആലുവ: ആലുവ മേഖലയിൽ ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു. ഒല്ലൂർ തലോർ പി.ആർ പടി ഡിക്രൂസ് ഹൗസിൽ ബേബിയുടെ മകൻ ബെജോസ്റ്റിൻ (23), പെരുമ്പാവൂർ വല്ലം കോട്ടാലക്കുടി വീട്ടിൽ അലിയാരുടെ മകൻ കുഞ്ഞുമുഹമ്മദ് (56) എന്നിവരാണ് മരിച്ചത്. രാവിലെ 11.15ഓടെ അമ്പാട്ടുകാവ് കവലയിൽ യു-ടേണിൽ തിരിയാൻ നിർത്തിയിട്ടിരുന്ന മിനിവാനിന് പിന്നിൽ ബൈക്കിടിച്ചാണ് ബെജോസ്റ്റിൻ മരിച്ചത്. ഇടപ്പള്ളിയിലെ ഇവൻറ് മാനേജ്മെൻറ് സ്ഥാപനത്തിൽ രാത്രി തങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വല്ലാർപാടത്ത് അമ്മയുടെ അനുജത്തിയുടെ വീട്ടിൽ പോകുന്നതായും പറഞ്ഞിരുന്നു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ. മിനിവാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് അഞ്ചോടെ ആലുവ പുളിഞ്ചോട് ജങ്ഷനിൽ ട്രെയിലർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമുഹമ്മദ് മരിച്ചത്. നിർമാണമേഖലയിലെ സൂപ്പർവൈസറായ കുഞ്ഞുമുഹമ്മദ് എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. മൂത്ത മകളുടെ വിവാഹം ഡിസംബറിൽ നടക്കാനിരിക്കുകയായിരുന്നു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുഹ്റ. ഭാര്യ: ഷറീന. മക്കൾ: അന, അസ്ലം, സിദ്ദീഖ്.