കൊച്ചി: ഇടപ്പള്ളി പള്ളിക്കു മുന്നിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മകൾക്ക് പരിക്കേറ്റു. ഇടപ്പള്ളി ബാലകൃഷ്ണ മേനോൻ റോഡിൽ നേരിയംകോട്ട് വീട്ടിൽ സാജന്റെ ഭാര്യ ബീനയാണ് (52) മരിച്ചത്. മകൾ ജുബിനക്കാണ് (20) പരിക്ക്. ബസുകളുടെ മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു. ഫോർട്ട്കൊച്ചി -ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന ബാദുഷ ബസാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. പിന്നിൽനിന്ന് ഇടിച്ച ബസിന്റെ അടിയിലേക്കാണ് ബീന വീണത്. ടയർ കയറി തൽക്ഷണം മരിച്ചു. മകൾ ഫുട്പാത്തിലേക്ക് തെറിച്ചുവീണതുകൊണ്ടാണ് രക്ഷപ്പെട്ടത്. മകൻ: എബിൻ.