മാന്നാർ: തിരുവല്ല -കായംകുളം സംസ്ഥാനപാതയിൽ ശനിയാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വള്ളാംകടവ് കിളക്കാടൻ കുറ്റിയിൽ വീട്ടിൽ രവീന്ദ്രൻ - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ സുധീഷ് (23), എടത്വ തലവടി ആനപ്രമ്പാൽ കോയിത്തറ വീട്ടിൽ ശശി -ഓമന ദമ്പതികളുടെ മകൻ കെ.എസ്. ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ചെന്നിത്തല തെങ്ങുതറ കിഴക്കേതിൽ വീട്ടിൽ നവീൻ (19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ മുക്കിന് സമീപമാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചത്. ജോലി കഴിഞ്ഞ് രാത്രി മാന്നാറിലെ തട്ടുകടയിൽനിന്ന് സുധീഷും നവീനും ഭക്ഷണം കഴിച്ച് വീട്ടിലേക്കു സഞ്ചരിക്കവെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ: രാഹുൽ. റിലയബിൾ അലുമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനം നടത്തുകയാണ് ശ്യാംകുമാർ. ശ്യാംകുമാറിന്റെ സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. ശ്യാമിന്റെ ഭാര്യയും (അധ്യാപിക) മകളും മുംബൈയിലാണ്. സഹോദരൻ: ശ്യാംലാൽ.